Saturday 29 March 2014

Making of God's Own Country






(Please scroll down to the bottom to read the summary in English)
 
സ്വാഗതം! കേരളത്തിന്‍റെ വികസനത്തിന്സഹായകമാകുന്ന ഒരു പുത്തന്‍ആശയവുമായിട്ടാണ് ഈ ലേഖനം മുന്നോട്ടു പോകുന്നത്. വികസനം എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് വ്യാവസായിക വിപ്ലവമോ കൂറ്റന്‍ കെട്ടിടങ്ങള്‍കൊണ്ട് നിറക്കുന്നതോ ആയ നാഗരികമായ വികസനം അല്ല. സാധാരണക്കാരും പാവപ്പെട്ടവരും ഉള്‍പ്പെടുന്ന എല്ലാ ജനങ്ങള്‍ക്കും ഒരുപോലെ സഹായകരമാവുന്ന, അവരുടെ അടിസ്ഥാന ജീവിത സൌകര്യങ്ങളെ മെച്ചപ്പെടുത്തി എടുക്കാന്‍ഉതകുന്ന വികസനം ആണ്.

ജനങ്ങളുടെ കൂട്ടായ്മയാണ് പലപ്പോഴും മാറ്റങ്ങള്‍ക്കു വഴി തെളിയിക്കുന്നത്. ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍  നെറ്റ്വര്‍ക്കിലൂടെ ജനങ്ങള്‍ സ്വതന്ത്രമായി അഭിപ്രായം പറയുന്നതും പ്രതികരിക്കുന്നതും സഹായം തേടുന്നതും ഒക്കെ നമ്മള്‍ കാണുന്നതാണല്ലോ. പക്ഷെ സൗകര്യങ്ങള്‍ ഒന്നും ഇന്‍റ്ര്‍നെറ്റും കമ്പ്യൂട്ടറും സ്മാര്‍ട്ട് ഫോണും ഒന്നും ഇല്ലാത്ത വളരെ സാധാരണക്കാരും പാവപ്പെട്ടവരും ആയ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും കിട്ടാറില്ല. അഭിപ്രായങ്ങള്‍ പറയാനും പ്രതികരിക്കാനും തങ്ങളുടെ  പ്രശ്നങ്ങള്‍ ഉന്നയിക്കാനും സഹായം തേടാനും ഉള്ള അവസരം അവര്‍ക്കും ലഭിക്കണ്ടേ. 


കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഒരു ചെറിയ കമ്പ്യൂട്ടര്‍ അധിഷ്ഠിത സേവന കേന്ദ്രം തുടങ്ങി, അതുവഴി എല്ലാ ഗ്രാമങ്ങളെയും പട്ടണങ്ങളെയും കോര്‍ത്തിണക്കി ഒരു സോഷ്യല്‍ നെറ്റ്വര്‍ക്ക്  തുടങ്ങാമെങ്കില്‍ ജനങ്ങള്‍ക്കെല്ലാം അതിലൂടെ ഒത്തൊരുമിക്കാനും പ്രതികരിക്കാനും, അവരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കാനും, അഭിപ്രായങ്ങള്‍ രേഖപെടുത്താനും, പരസ്പരം സഹായിച്ച് ഒരുമിച്ചു വികസനം കൈവരിക്കാനും കഴിയും.

സര്‍കാരിനോടുള്ള പിന്തുണയോ എതിര്‍പ്പോ സേവന കേന്ദ്രത്തിലെ സംവിധാനം വഴി അറിയിക്കാം. സ്വന്തം ഐഡന്ടിറ്റി വെളിപ്പെടുത്താതെ തന്നെ ഇത് ചെയ്യാവുന്നതാണ്. തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും പരാതികളും അറിയിക്കാനും ഇതിലൂടെ കഴിയും. ഭരണാധികാരികള്‍  മാത്രമല്ല ലോകത്തെ ഏതു കോണിലുള്ള ഇന്ത്യാക്കാരനും നെറ്റ്വര്‍ക്കില്‍ ലോഗിന്‍ ചെയ്തു സ്വന്തം നാട്ടിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ അറിയാനും സഹായിക്കാനും കഴിയും. ഇലക്ഷന്‍ കാര്‍ഡോ പാസ്സ്പോര്‍ടോ‌ അല്ലെങ്കില്‍ അതുപോലെ മറ്റേതെങ്കിലും ഐഡന്ടിറ്റി ഉള്ള പൗരന് മാത്രമേ നെറ്റ്വര്‍ക്കില്‍ ലോഗിന് ലഭിക്കുകയുള്ളൂ. സംവിധാനത്തില്‍വിവിധ സെക്ഷനുകള്‍ ഉണ്ടായിരിക്കും. പരാതി അറിയിക്കാന്, അഭിപ്രായ വോട്ട് രേഖപ്പെടുത്താന്‍, സഹായം അഭ്യര്‍ഥിക്കാന്‍ എന്നിങ്ങനെ. വ്യവസായ വാണിജ്യ സ്ഥാപങ്ങള്‍ അവരുടെ തൊഴിലവസരങ്ങള്‍   നെറ്റ്വര്‍ക്കിലൂടെ പരസ്യപ്പെടുത്തുന്നത് വഴി ജനങ്ങള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനും ഇത് സഹായകമാവുംപിടിച്ച്പറിയോ മോഷണമോ  അപകടമോ മറ്റെന്തെങ്കിലും അത്യാഹിതമോ സുരക്ഷാ പ്രശ്നങ്ങളോ സംഭവിച്ചാല്‍ ഉടന്‍ തന്നെ സേവന കേന്ദ്രത്തില്‍ അറിയിക്കുകയും അത് വഴി നെറ്റ്വര്ക്കില്‍ ഉള്ള എല്ലാ സേവന കേന്ദ്രങ്ങളിലും വിവരം എത്തുകയും ഉടന്‍ തന്നെ ജനങ്ങള്‍ക്കോ പോലീസിനോ ഇടപെടാനും സാധിക്കും.

ഒരു കമ്പ്യൂട്ടറും ഒരു കമ്പ്യൂട്ടര്‍ ഓപ്പറേറ്ററും അടങ്ങിയ ഒരു ചെറിയ വാടക മുറി ആണ് അതിനു വേണ്ടത്. നിലവിലുള്ള പോസ്റ്റ്‌ ഓഫീസുകളെ ഇതിനു വേണ്ടി ഉപയോഗപ്പെടുത്താവുന്നതാണ്. അതതു ഗ്രാമത്തിലെ തന്നെ ഒരാളെ ട്രെയിനിംഗ് കൊടുത്ത് വേണം ചെറിയ സ്ഥാപനം നടത്താന്‍. ഓരോ ഗ്രാമത്തിലെയും ഒരാള്‍ക്ക് വീതം തൊഴിലവസരം കൂടി ഇതിലൂടെ ലഭിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനു പുറമെ സേവന കേന്ദ്രത്തിലൂടെ ജനങ്ങള്‍ക്ക് നാടിനു ആവശ്യമായ മറ്റു എല്ലാ സഹായങ്ങളും എത്തിച്ചു കൊടുക്കാനും കഴിയും.

ഒരു ആശയം  എങ്ങനെ സ്വയം പര്യാപ്തമാകുന്ന വിധം പ്രാവര്‍ത്തികമാക്കാം എന്ന് താഴെ വിവരിക്കുന്നുണ്ട്. അതിനു മുമ്പ് ഇത് പ്രാവര്‍ത്തികമായാല്‍ഉള്ള നേട്ടങ്ങള്‍ എന്തൊക്കെ ആണെന്ന് നമുക്ക് നോക്കാം 

1. പരാതി സമര്‍പ്പിക്കല്‍
ജനങ്ങള്‍ക്ക് തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംവിധാനത്തിലൂടെ ജനപ്രധിനിധികളെ അറിയിക്കാന്‍ കഴിയും. പഞ്ചായത്ത് പ്രസിഡന്‍റെനോ അല്ലെങ്കില്‍ മറ്റ് ജനപ്രധിനിധികള്‍ക്കോ സംവിധാനം വഴി അവരുടെ നാട്ടിലെ ഓരോ ജനങ്ങളും  നേരിടുന്ന പ്രശ്നങ്ങളുടെ ലിസ്റ്റ് കാണാന്‍ സാധിക്കും. നിലവില്‍ അതിനു വേണ്ടി ഉള്ള സംവിധാനങ്ങള്‍ ഇല്ലാത്തതുകൊണ്ട്  തന്നെ ഓരോ ജനങ്ങളുടെയും പ്രശ്നങ്ങള്‍ പോയി അന്വേഷിച്ചു അറിയാന്‍ അവര്‍ക്ക് സാധിക്കാറില്ല.

അധികാരികള്‍ക്ക് മാത്രമല്ല നാട്ടിലെ ഓരോ ജങ്ങള്‍ക്കും നാട്ടിലെ പരാതികളുടെ അല്ലെങ്കില്‍ പ്രശ്നങ്ങളുടെ ലിസ്റ്റ് കാണാന്‍ സാധിക്കും. ഓരോ പ്രശ്നങ്ങള്‍ക്കും എന്ത് പരിഹാരം അല്ലെങ്കില് എന്ത് ആക്ഷന്‍ എടുത്തു എന്ന് അധികാരികള്‍ക്ക് അപ്ഡേറ്റ് ചെയ്യാന്‍ കഴിയും. പരിഹാരം ഒന്നും ആവാതെ ഒരുപാട് നാള് ആയി നിലനില്ക്കുന്ന പ്രശ്നങ്ങള്‍ക്ക് എന്ത് കൊണ്ട് പരിഹാരം കണ്ടെത്തിയില്ല എന്ന് ജനങ്ങള്‍ക്ക് ചോദ്യം ചെയ്യാനും ഉള്ള സൗകര്യം ഉണ്ടായിരിക്കും. അധികാരികള്‍ക്ക് മാത്രമല്ല നാട്ടിലെ മറ്റു ജനങ്ങള്‍ക്കും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായിക്കാം.

Transperancy അല്ലെങ്കില്‍ സുതാര്യത ഉണ്ട് എന്നതാണ് സംവിധാനത്തിന്‍റെ പ്രത്യേകത. ജനപ്രധിനിധികള്‍ തങ്ങളുടെ നാടിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താന്‍ സംവിധാനത്തിലൂടെ സാധിക്കും. പരാതി ഉന്നയിച്ച ആള്‍ മാസത്തില്‍ ഒരിക്കലെങ്കിലും തങ്ങളുടെ പരാതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്ന് അപ്ഡേറ്റ് ചെയ്യേണ്ടതാണ്. നിലവില്‍ ഉള്ള പരാതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കാന്‍ വേണ്ടി ആണ് ഇത് ഉടനടി പരിഹാരം കാണാന്‍ കഴിയാത്ത അല്ലെങ്കില്‍ മറ്റു സാങ്കേതിക തടസങ്ങള്‍ ഉള്ള പ്രശ്നങ്ങള്‍ക്ക് അത് പരിഹരിക്കാന്‍ എത്ര നാള്‍ വേണ്ടി വരും അല്ലെങ്കില്‍ എന്ത് കൊണ്ട് കഴിയില്ല എന്ന് മറുപടി അറിയിക്കാം. ഇതെല്ലാം എല്ലാ ജനങ്ങള്‍ക്കും കാണാനും ഇടപെടാനും കഴിയും എന്നതാണ് ഇതിന്‍റെ നേട്ടം. മറ്റൊരു വിധത്തില്‍ നോക്കുകയാണെങ്കില്‍ഇത് ജനപ്രധിനിധികള്‍ക്കും സഹായകരമാണ്. എത്ര മാത്രം പ്രശ്നങ്ങള്‍ ആണ് തങ്ങള്‍ക്കു പരിഹരിക്കനുള്ളത് എന്നും അതിനു എന്തെല്ലാം ബുദ്ധിമുട്ടുകള്‍ഉണ്ട് എന്നും ഇതിലൂടെ ജനങ്ങളെ അറിയിക്കാനും സാധിക്കും. 
 
2. ആവശ്യങ്ങള്‍ ഉന്നയിക്കല്‍
  പരാതി ഉന്നയിക്കുന്നത് പോലെ തന്നെ തങ്ങളുടെ നാടിനു ആവശ്യമായ പ്രാഥമികമായ ആവശ്യങ്ങള്‍ അല്ലെങ്കില്‍ മറ്റു തരത്തിലുള്ള വികസന ആവശ്യങ്ങള്‍ എന്തെല്ലാം ആണ് എന്ന് സംവിധാനത്തിലൂടെ ആവശ്യപ്പെടാം. ഉദാഹരണത്തിന് പുതിയ ഒരു KSRTC ബസ് സര്‍വീസ്, അല്ലെങ്കില്‍ ശുദ്ധ ജല വിതരണ സംവിധാനം തുടങ്ങിയവ അത്യാവശ്യമാണ് എന്ന് ഇതിലൂടെ ആവശ്യപ്പെടാം. ആവശ്യങ്ങളുടെ പ്രാധാന്യം അനുസരിച്ച് മറ്റു ജനങ്ങള്‍ക്ക് അതിനെ സപ്പോര്‍ട്ട് ചെയ്യാനുള്ള ഓപ്ഷനും ഉണ്ടാവും. കൂടുതല്‍ പേര്‍ സപ്പോര്ട്ട് ചെയ്യുന്ന ആവശ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടും. ചിലര്‍ നിരുത്തരവാദിത്വപരമായ അല്ലെങ്കില്‍ സ്വാര്‍ത്ഥമായ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ സാധ്യത ഉണ്ട് എന്നത് കൊണ്ടാണിത്. അധികാരികള്‍ സ്വയം തീരുമാനിക്കുന്ന വികസനത്തെക്കാള്‍ ജനങ്ങള്‍ ആവശ്യപ്പെടുന്ന വികസനം നടപ്പിലാക്കാന്‍ ഇത് വഴി സാധിക്കും. 
   
3. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍
  ഒരു സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ അടുത്ത അഞ്ചു വര്‍ഷം അല്ലെങ്കില്‍ അടുത്ത ഓരോ വര്‍ഷവും എന്തൊക്കെ ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്നത് ജനങ്ങളെ അറിയിക്കേണ്ട ബാധ്യത ഉണ്ട്. ചെയ്യാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ ലിസ്റ്റ് സംവിധാനം വഴി സര്‍ക്കാരിനു പബ്ലിഷ് ചെയ്യാം. അത് എന്നും ഒരു തെളിവായി നിലനില്‍ക്കുകയും ചെയ്യും.

പദ്ധതികള്‍ നടപ്പാക്കപ്പെടുന്നില്ല എങ്കില്‍ ജനങ്ങള്‍ക്ക് സംവിധാനം വഴി ചോദ്യം ചെയ്യുകയും ചെയ്യാം. നടപ്പാക്കാന്‍ ആവാത്ത പദ്ധതികള്‍ എന്ത് കൊണ്ട് നടപ്പാക്കിയില്ല അല്ലെങ്കില്‍ എന്തുകൊണ്ട് കാലതാമസം ഉണ്ടായി എന്ന് സര്‍ക്കാരിനു ഇത് വഴി ന്യായീകരിക്കുകയും ചെയ്യാം. എന്തെല്ലാം പദ്ധതികള്‍ നടപ്പാക്കി, പ്രഖ്യാപിച്ച പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥ എന്ത് എന്നൊക്കെ ജനങ്ങളെ ബോധ്യപ്പെടുത്താനും കഴിയും. നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ച് ജനങ്ങളുടെ അഭിപ്രായം എന്താണ് എന്നും സംവിധാനം വഴി അറിയാന്‍ സാധിക്കും. പദ്ധതിയെ അംഗീകരിച്ചു കൊണ്ടും എതിര്‍ത്തു കൊണ്ട് വോട്ട് ചെയ്യാനുള്ള ബട്ടണ്‍ ഉണ്ടാവും.

സര്‍ക്കാരിനു മാത്രമല്ല ഇലക്ഷന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും അവര്‍ജയിച്ചാല്‍എന്തൊക്കെയാണ് ചെയ്യാന്‍പോകുന്നത് എന്ന  പ്രഖ്യാപനങ്ങളും ഈ സംവിധാനം വഴി ജനങ്ങളെ അറിയിക്കാം. പ്രതിപക്ഷത്തിനും അവരുടെ ആരോപണങ്ങള്‍ സംവിധാനം വഴി ജനങ്ങളില്‍ എത്തിക്കാന്‍കഴിയും. ആരോപണങ്ങളെ അനുകൂലിച്ചും എതിര്‍ത്തും ജനങ്ങള്‍ക്ക് വോട്ടു ചെയ്യാം. ഇവിടെ സര്‍ക്കാര്‍ എന്ത് പറഞ്ഞു പ്രതിപക്ഷം എന്ത് പറഞ്ഞു എന്നതിനേക്കാള്‍ ജനങ്ങള്‍ അതിനെ എത്ര മാത്രം അനുകൂലിക്കുന്നു എന്നതിന് പ്രാധാന്യം കിട്ടും.
  
4. സര്‍ക്കാരിനോടുള്ള പിന്തുണയും എതിര്‍പ്പും
ഒരു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ അഞ്ചു വര്‍ഷത്തേക്ക് ജനങ്ങളുടെ കാര്യമായ പിന്തുണ ഇല്ലാതെ തന്നെ അവര്‍ക്ക് മുന്നോട്ടു പോകാം എന്നതാണ് ഇന്നത്തെ അവസ്ഥ. വികസനം മന്ദഗതിയില്‍ ആവാനും ഇത് കാരണമാവാറുണ്ട്. പുതിയ സംവിധാനത്തില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ജനങ്ങള്‍ക്ക് സര്‍ക്കാരിനെ പിന്തുണച്ചോ എതിര്‍ത്തോ വോട്ടു ചെയ്യാനുള്ള അവസരം ഉണ്ടാവും. ഞാന് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു അല്ലെങ്കില്‍ ഞാന്‍ സര്‍ക്കാരിനെ എതിര്‍ക്കുന്നു അതും അല്ലെങ്കില്‍ അഭിപ്രായം ഇല്ല എന്ന് രേഖപ്പെടുത്തിയ ബട്ടണ്‍ ഉണ്ടാവും. നമ്മുടെ അഭിപ്രായം എന്താണോ അതിനു അനുസരിച്ചുള്ള ബട്ടണ്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താം.
 
വോട്ടിംഗ് സര്‍ക്കാര്‍ അധികാരത്തില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ വേണ്ടി  ഉള്ളതല്ല. ജനങ്ങള്‍ അവരുടെ ഭരണത്തില്‍ ത്രിപ്തരാണോ അല്ലയോ എന്ന് അറിയിക്കാനും, ഭരണം മെച്ചപ്പെടുത്താനും വേണ്ടി ആണ്. 

5. ജനകീയ സമരം
നാട്ടില്‍ ഇപ്പൊ കാണുന്ന സമരങ്ങള്‍ മിക്കതും രാഷ്ട്രീയ പാര്‍ടികളുടെ താല്‍പര്യമനുസരിച്ച് മാത്രം നടത്തുന്നതാണ്. ജനങ്ങള്‍ക്ക്‌ ആ സമരം ആവശ്യമുണ്ടോ എന്ന് ആരും അന്വേഷിക്കാറില്ല. വഴി തടഞ്ഞും പൊതു മുതല്‍ നശിപ്പിച്ചും ജനങ്ങളുടെ കച്ചവടം നിര്‍ത്തി വെയ്പിച്ചും ജനങ്ങളെ ഭീതിയിലാഴ്ത്തി കൊണ്ടും നടത്തുന്ന സമരങ്ങളാണ. തീരെ ജനകീയമല്ലാത്ത സമര മാര്‍ഗം. തീര്‍ച്ചയായും പണ്ട് കാലത്ത് ഇങ്ങനെയുള്ള സമരങ്ങള്‍ അനിവാര്യമായിരുന്നു. ജനങ്ങളുടെ ഒരുപാട് അവകാശങ്ങള്‍ നേടി എടിക്കുന്നതിനു അത് വേണ്ടി വന്നിരുന്നു. പക്ഷെ ഇനിയും നമ്മള്‍ ഴയ സമര മാര്‍ഗം തന്നെ പിന്തുടരേണ്ട  ആവശ്യം ഉണ്ടോ.

നമ്മുടെ പുതിയ സംവിധാനത്തില്‍ ജനങ്ങള്‍ക്ക് സമരത്തില്‍ പങ്കെടുക്കാനുള്ള അവസരം ഉണ്ടാവും. ഞാന്‍ സമരത്തെ പിന്തുണയ്ക്കുന്നു അല്ലങ്കില്‍ ഞാന്‍ സമരത്തെ എതിര്‍ക്കുന്നു അല്ലെങ്കില്‍ താല്‍പര്യമില്ല എന്നീ ബട്ടണുകള്‍ ഉണ്ടാവും. ബട്ടണ്‍ അമര്‍ത്തികൊണ്ട് സമരത്തില്‍ പങ്കെടുക്കുകയോ എതിര്‍ക്കുകയോ ചെയ്യാം. എത്ര ജനങ്ങള്‍ സമരത്തെ പിന്തുണക്കുന്നു എന്നും എത്ര പേര്‍ എതിര്‍ക്കുന്നു എന്നും എല്ലാവര്‍ക്കും കാണാന്‍ സാധിക്കും. സമരം എത്രത്തോളം വിജയം ആയിരുന്നു എന്ന് തീരുമാനിക്കുന്നത് ഇതാണ്. അല്ലാതെ എത്ര പൊതു മുതല്‍ നശിപിച്ചു എന്നതല്ല. രാഷ്ട്രീയ നേതാക്കള്‍ക്ക് സമരം ആഹ്വാനം ചെയ്യാനുള്ള സൗകര്യം സംവിധാനത്തില്ഉണ്ടായിരിക്കും. ബട്ടണ്‍ അമര്‍ത്തിക്കൊണ്ട് സമരം ചെയ്യുന്നത് ജനങ്ങള്‍ ആയിരിക്കും. അണികള്‍ അല്ല. തികച്ചും ജനകീയമായ സമരം. ഇന്‍റെര്‍നെറ്റ് സൗകര്യം ഇല്ലാത്തവര്‍ അല്ലെങ്കില്‍ സേവനകേന്ദ്രത്തില്‍ എത്തി സമരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ സ്വന്തം മൊബൈല്‍ ഫോണ്‍ വഴി സമരത്തില്‍ പങ്കെടുക്കാന്‍ ഉള്ള അവസരം ഉണ്ടാവും.    
  
6. അഭിപ്രായ വോട്ട്
സമരത്തിന് ജനങ്ങളോട് സപ്പോര്ട്ട് ചോദിക്കുന്നത് പോലെ തന്നെ രാഷ്ട്രീയ സാമൂഹികപരമായ എന്ത് കാര്യങ്ങള്‍ക്കും ജനങ്ങളോട് ആണ് നേതാക്കള്‍ അഭിപ്രായം ചോദിക്കേണ്ടത്. അഭിപ്രായ വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം ജനങ്ങള്‍ക്ക് വേണ്ടി ഇതില്‍ ഒരുക്കുന്നുണ്ട്. ഭരണപക്ഷത്തിന്‍റെ എന്തെങ്കിലും നടപടികള്‍ ശരിയല്ല എന്ന് പ്രതിപക്ഷം ആരോപിക്കുകയാണെങ്കില്‍ അതിനു ജനങ്ങളോട് അഭിപ്രായ വോട്ട് തേടാം. ഇവിടെ ഭരണപക്ഷം എന്ത് ആരോപിക്കുന്നു പ്രതിപക്ഷം എന്ത് ആരോപിക്കുന്നു എന്നതിനേക്കാള്‍ ജനങ്ങള്‍ക്ക് അതിലുള്ള അഭിപ്രായം എന്ത് എന്നതാണ് പ്രധാനം.     

7. ജനപ്രധിനിധികള്‍ക്ക് പറയാനുള്ളത് 
വാര്‍ത്താ മാധ്യമങ്ങളിലൂടെ നമുക്ക് മന്ത്രിമാരുടെയും രാഷ്ട്രീയത്തിലെ മറ്റു നേതാക്കന്മാരുടെയും പ്രഖ്യാപനങ്ങള്‍ മാത്രമെ കാണാന്‍ സാധിക്കാറുള്ളൂ. എന്നാല്‍ ഓരോ ജനപ്രധിനിധിക്കും അവരുടെ പ്രഖ്യാപനങ്ങള്‍ അതാതു സ്ഥലത്തെ ജനങ്ങളില്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. പുതിയ സംവിധാനത്തിലെ വീഡിയോ റെക്കോഡിംഗ് സംവിധാനം വഴി പഞ്ചായത്ത് പ്രസിഡണ്ട് പോലുള്ള ജനപ്രധിനിധികള്‍ക്ക് അവരുടെ സന്ദേശം ആ പ്രദേശത്തെ ജനങ്ങളില്‍ എത്തിക്കാന്‍ സാധിക്കും. സന്ദേശം എത്തിക്കുക എന്നതിലുപരി അവരുടെ വാഗ്ദാനങ്ങള്‍ അവര്‍ നിറവേറ്റിയോ ഇനി എന്തൊക്കെ ചെയ്യാന്‍ പോകുന്നു എന്നൊക്കെ ജനങ്ങള്‍ക്ക് ചോദ്യം ചെയ്യാനും അതിനു ഉത്തരം നല്‍കാനും കൂടി ഉള്ള അവസരം ആയിരിക്കും ഇത്.   
 
8. സഹായഭ്യര്‍ത്ഥന
സാമ്പത്തികമായും മാരകമായ രോഗങ്ങള്‍കൊണ്ടും കഷ്ടപ്പെടുന്ന ധാരാളം ജനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ക്ക് ഈ സംവിധാനം വഴി ജനങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കാന്‍കഴിയും. സഹായ കേന്ദ്രത്തില്‍ഉള്ള ക്യാമറ വഴി വീഡിയോ റെക്കോര്ഡിംഗ് ആയിട്ടോ അല്ലെങ്കില്‍അവരെ കുറിച്ചുള്ള ചെറു ലേഖനമായിട്ടോ സഹായം അഭ്യര്‍ത്ഥിക്കാവുന്നതാണ്‌. ലോകത്തുടനീളം ഉള്ള മലയാളികള്‍ക്ക് തങ്ങളുടെ നാട്ടില്‍കഷ്ടപ്പെടുന്നവരെ കുറിച്ച് അത് വഴി അറിയാനും സഹായിക്കാനും കഴിയും. ജനപ്രധിനിധികള്‍അവരവരുടെ നാട്ടിലുള്ള കഷ്ടപെടുന്നവരെ സഹായം അഭ്യര്‍ത്ഥിക്കാന്‍സഹായിക്കേണ്ടതാണ്. അവര്‍പറയുന്നത് സത്യമാണ് എന്ന് സാക്ഷ്യപ്പെടുത്തുകയാണ് അവര്‍ചെയ്യേണ്ടത്. അത് അവരുടെ സഹായ അഭ്യര്‍ത്ഥനക്ക്കൂടുതല്‍വിശ്വാസ്യത കിട്ടാന്‍സഹായിക്കും. സോഷ്യല്‍മീഡിയ വഴി ഒരുപാട് സഹായ അഭ്യര്ത്ഥനകള്‍ഇന്ന് നാം  കാണാറുണ്ട്. പക്ഷെ അതിന്‍റെ വിശ്വാസ്യത  എത്രത്തോളം ആണെന്ന് അറിയാത്തത് കൊണ്ട് തന്നെ അവരെ സഹായിക്കാന്‍ നമ്മള്‍ മടിക്കാറുണ്ട്. ജനങ്ങള്‍സാക്ഷ്യം നില്‍ക്കുന്നു എന്നത് കൊണ്ട് തന്നെ ഈ സംവിധാനതിലൂടെയുള്ള സഹായ അഭ്യര്‍ത്ഥനക്ക് കൂടുതല്‍വിശ്വാസ്യത ഉണ്ടാവും.

ആരുടെ അടുത്ത് നിന്നൊക്കെ എത്ര കാശ് സമാഹരിച്ചു എന്ന് കൃത്യമായ കണക്കുകളുടെ ലിസ്റ്റ് ഉണ്ടാവും. സഹായം നല്കിയവര്‍ക്കൊക്കെ സഹായം സ്വീകരിച്ച ആളിന്‍റെ ഒപ്പ് ഓടു കൂടിയ രസീത് നല്കുന്നതാണ്. ക്രെഡിറ്റ്കാര്‍ഡു വഴി ഓണ്ലൈന്‍പെയ്മെന്‍റെ ആയി സഹായം എത്തിക്കാനുള്ള സംവിധാനവും ഉണ്ടായിരിക്കും  
  
സാമ്പത്തിക സഹായം രക്ത ദാനം അവയവ ദാനം തുടങ്ങിയ എല്ലാ തരത്തിലും ഉള്ള സഹായങ്ങളും ഇതിലൂടെ അഭ്യര്‍ഥിക്കാം.
 
9. തൊഴിലവസരം
വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അവരുടെ സ്ഥാപനത്തിലെ തൊഴിലവസരങ്ങള്‍ സംവിധാനം വഴി സൗജന്യമായി പരസ്യം  ചെയ്യാം. തൊഴില്‍ അന്വേഷിക്കുന്ന യുവാക്കള്‍ക്ക് ഇത് സഹായകമാവും.

10. പൊതു സേവനം
ജനങ്ങളുടെ ഇലക്ട്രിസിറ്റി ബില്ല് ശേഖരിച്ചു ഒരുമിച്ച് അടക്കാനും, ഓണ്ലൈന്‍ ആയി റെയില്‍ ടിക്കറ്റ് മുതലായവ ബുക്ക് ചെയ്യാനും , പരീക്ഷാ റിസല്‍ട് അറിയാനും, പ്ലംബിംഗ് ഇലക്ട്രിക്കല്‍ തുടങ്ങിയ മറ്റു സേവനങ്ങള്‍ക്ക്  ആളെ തരപ്പെടുത്താനും എന്ന് വേണ്ട നാട്ടിലെ ജനങ്ങള്‍ക്ക്‌ ആവശ്യമായ  എല്ലാ സഹായങ്ങളും എത്തിച്ചു കൊടുക്കാന്‍ പറ്റുന്ന ഒരു സ്ഥാപനം കൂടി ആയിരിക്കും ഇത്. ജനങ്ങള്‍ക്ക് ഓരോ കാര്യങ്ങള്‍ക്കും അലഞ്ഞു നടന്നു കഷ്ടപ്പെടേണ്ടി വരാതെ സ്വന്തം ഗ്രാമത്തില്‍ നിന്ന് തന്നെ എല്ലാ സൌകര്യങ്ങളും ലഭ്യമാക്കുന്നതിനു വേണ്ടിയാണിത്
ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികള്‍, പ്ലംബര്‍, പെയ്ന്‍റെര്‍ തുടങ്ങിയവര്‍ക്ക് സേവന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ജനങ്ങളുടെ ആവശ്യം അനുസരിച്ച് ഇവരുടെ സേവനം എത്തിച്ചു കൊടുക്കുന്നതാണ്. നല്ല സേവനം നല്‍കുന്നവര്‍ക്ക് നല്ല റേറ്റിംഗ് കൊടുക്കാന്‍ ഉള്ള ഓപ്ഷനും ഉണ്ടാവും. നല്ല സേവനം നല്‍കുന്നവര്‍ക്ക് കൂടുതല്‍ അവസരം ഉണ്ടാവുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. ഗുണമേന്മ ഉള്ള സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കാനും ഇത് സഹായിക്കും.   

11. സ്വയം തൊഴില്‍ കണ്ടെത്തല്‍
ജനങ്ങള്‍ക്ക്‌ അവര്‍ക്ക് പ്രാഗത്ഭ്യം ഉള്ള മേഖലകളില്‍ ചെറുകിട ഉത്പാദനം തരപ്പെടുത്തി സംവിധാനത്തിലൂടെ പരസ്യം ചെയ്യാവുന്നതാണ്. ഉദാഹരണത്തിന് നന്നായി അച്ചാര്‍ ഉണ്ടാക്കാന്‍ ആണ് അറിയാവുന്നതെങ്കില്‍ അതിന്‍റെ പരസ്യം നല്‍കാം, അല്ലെങ്കില്‍  തയ്യല്‍, പച്ചക്കറി ഉല്പ്പന്നങ്ങള്‍, ഭക്ഷണ സാധനങ്ങള്‍‍, ഹോം ട്യൂഷന്‍ എന്ന് വേണ്ട അവരവര്‍ക്ക് താല്‍പര്യവും പ്രാഗത്ഭ്യം ഉള്ള  മേഖല മാത്രം കേന്ദ്രീകരിച്ചു വരുമാന മാര്‍ഗം കണ്ടെത്താം
ഓരോ ആള്‍ക്കും അവരവരുടെ ഉല്‍പന്നത്തിന്‍റെ പരസ്യത്തിനു വേണ്ടി ഒരു ഫുള് പേജ് നല്‍കുന്നതാണ്. തുടക്കക്കാര്‍ക്ക് സൌജന്യമായി പരസ്യം നല്‍കാം. ഉല്പ്പന്നങ്ങളുടെ പേജില് ഉപഭോക്താക്കള്‍ക്ക് ഗുണമെന്മയെ കുറിച്ച് റേറ്റ് ചെയ്യാന്‍ സാധിക്കും. നല്ല ഗുണമേന്മ ഉള്ള ഉത്പാദനത്തിന് കൂടുതല്‍ ശ്രദ്ധ കിട്ടുന്നതിനു വേണ്ടി ആണ് ഇത്. മാത്രവുമല്ല ഗുണമേന്മ ഇല്ലാത്ത കച്ചവടം നിരുല്‍സാഹപ്പെടുത്തുന്നതിനും ഇത് സഹായിക്കും.
നന്നായി പാക്കിംഗ് ചെയ്യാന്‍ അറിയാവുന്നവര്‍ക്ക് അവരുടെ പാക്കിങ്ങിനെ കുറിച്ച് പരസ്യം നല്‍കാം. ജനങ്ങള്‍ക്ക് അവരവരുടെ ഉല്പ്പന്നങ്ങള്‍ക്ക് അനുസൃതമായ പാക്കിംഗ് ഇവരെ കൊണ്ട് ചെയ്യിക്കാം. ഉയര്‍ന്ന മുതല്‍ മുടക്കൊന്നും ഇല്ലാതെ തന്നെ വളരെ ലളിതമായി ജനങ്ങള്‍ക്ക് തങ്ങളുടെ ചെറുകിട വ്യവസായം തുടങ്ങാന്‍ സാധിക്കും.   
  
12. അഭ്യന്തര ഉത്പ്പാദനം
മേല്‍പ്പറഞ്ഞ രീതിയില്‍ ജനങ്ങള്‍ വീടുകള്‍ തോറും ചെറുകിട ഉത്പാദനം തുടങ്ങുന്നതിലൂടെ ഇന്ത്യയുടെ അഭ്യന്തര ഉത്പ്പാദനം വര്‍ധിക്കുകയും മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി കൈവരിക്കാനാവുകയും ചെയ്യും. വന്‍കിട വ്യവസായങ്ങളെയോ വിദേശ ഉത്പ്പന്നങ്ങളെയോ ആശ്രയിക്കാതെ സ്വയം പര്യാപ്തമാവാനും ഇത് സഹായിക്കും.  വിലക്കയറ്റം തടയുന്നതിനും ഇത് സഹായിച്ചേക്കാം. തൊഴിലില്ലായ്മയും ദാരിദ്ര്യവും കുറക്കാനും ഇത് സഹായിക്കും. 

13. യാത്രക്കാര്‍ക്ക് ഒരു സഹായി
ഈ സഹായ കേന്ദ്രത്തിനു ഒരു ടോള്‍ഫ്രീ നമ്പര്‍ഉണ്ടായിരിക്കും. നമ്മള്‍യാത്ര പോകുന്നതിനിടക്ക് വണ്ടിയുടെ ടയര്‍പഞ്ചര്‍ആയി എന്ന് വിചാരിക്കുക. ഉടന്‍ഈ ടോള്‍ഫ്രീ നമ്പറില്‍വിളിച്ചാല്‍നമ്മള്‍എവിടെയാണോ നില്‍ക്കുന്നത് ആ സ്ഥലത്തെ സഹായ കേന്ദ്രത്തില്‍ഉടന്‍കോള്‍ കണക്ട് ആവുകയും നമുക്ക് സഹായം തേടുകയും ചെയ്യാം. സഹായ കേന്ദ്രം ഉടന്‍തന്നെ അവിടെ രജിസ്റ്റര്‍ചെയ്തിട്ടുള്ള ഏറ്റവും അടുത്തുള്ള ടയര്‍റിപ്പയര്‍കടയില്‍ കോള്‍ട്രാന്സ്ഫര്‍ചെയ്യുകയും അവരുടെ സഹായം എത്തിക്കാന്‍ശ്രമിക്കുകയും ചെയ്യും. അതുപോലെ തന്നെ നമ്മള്‍യാത്രക്കിടയില്‍ആ നാടുമായി സംബന്ധിച്ച എന്ത് കാര്യവും ഈ നമ്പറില്‍വിളിച്ച് അന്വേഷിക്കാം. അവിടത്തെ ഏതെങ്കിലും ഒരു അഡ്രസ്‌ ചോദിക്കാനോ, അല്ലെങ്കില്‍അവിടെ അടുത്ത് എവിടെയാണ് ഒരു ഹോട്ടല്‍ ഉള്ളതെന്ന് അന്വേഷിക്കാനോ, അങ്ങനെ എന്തും.

14. അഭ്യന്തര സുരക്ഷ
നാട്ടില്‍പിടിച്ചുപറിയൊ മോഷണമോ അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ഉടന്‍തന്നെ സഹായ കേന്ദ്രത്തില്‍വിളിച്ച് അറിയിക്കുകയാണെങ്കില്‍ഉടന്‍തന്നെ ചുറ്റുപാടും ഉള്ള എല്ലാ സഹായ കേന്ദ്രത്തിലും ആ വിവരം എത്തുകയും എല്ലാവര്‍ക്കും ചേര്‍ന്ന് അക്രമിയെ തടഞ്ഞു നിര്‍ത്തുകയോ പോലീസ് സ്റ്റേഷനില്‍എല്‍പ്പിക്കുകയോ ചെയ്യാം. അതുപോലെ തന്നെ സ്ത്രീകള്‍ക്ക് എന്തെങ്കിലുംസുരക്ഷ പ്രശ്നങ്ങള്‍ തോന്നുകയാണെങ്കില്‍ഈ നമ്പറില്‍വിളിച്ചു സഹായം തേടാം.  

15. അനാശാസ്യവും സാമുഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും തടയല്‍
നാട്ടില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളോ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളോ നടക്കുന്നുണ്ടെങ്കില്‍ അതിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാന്‍ പ്രത്യേകം ഒരു പേജ് ഉണ്ടാവും. ആര്‍ക്കു വേണമെങ്കിലും പേജില്‍ അങ്ങനെയുള്ള വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. സ്വന്തം ഐഡന്ടിറ്റി വെളിപ്പെടുത്താതെ തന്നെ അത് ചെയ്യാം. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് അധികാരികള്‍ അത്തരം പ്രവര്‍ത്തികള്‍ തടയാന്‍ സാധിക്കും.

16. അഴിമതി നിയന്ത്രണം
നാട്ടില്‍ അഴിമതിയൊ മറ്റു ക്രമക്കേടുകളോ നടക്കുന്ന സ്ഥാപനങ്ങളെ കുറിചുള്ള വിവരം അറിയിക്കാന്‍ പ്രത്യേകം ഒരു പേജ് ഉണ്ടാവും. ജനങ്ങള്‍ക്ക് സ്വന്തം ഐഡന്ടിറ്റി വെളിപ്പെടുത്താതെ തന്നെ പേജില്‍ വിവരം എത്തിക്കാം. ഉന്നത ഉധ്യോഗസ്തര്‍ക്ക് വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ ഇടപെടാനും പരിശോധിക്കാനും നടപടി സ്വീകരിക്കാനും കഴിയും. ഇത് നാട്ടിലെ അഴിമതി നയന്ത്രണത്തിനു സഹായകമാവും.   

17. കൃത്യതയാര്‍ന്ന സര്‍വ്വേ
ഇപ്പൊ നടക്കുന്ന മിക്ക സര്‍വ്വേകളും കുറച്ചു ആള്‍ക്കാരെ മാത്രം തിരഞ്ഞെടുത്തു അവരുടെ മാത്രം മറുപടിയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്. പുതിയ സംവിധാനത്തിലൂടെ എല്ലാവര്‍ക്കും സര്‍വേയില്‍ പങ്കെടുക്കാനും കൃത്യതയാര്‍ന്ന വിവരം ഗവണ്മെന്റിനു എത്തിക്കാനും സാധിക്കും. ഓരോ നാട്ടിലെയും വിദ്യാഭ്യാസത്തിന്‍റെയും ആരോഗ്യത്തിന്‍റെയും മറ്റു അടിസ്ഥാന സൌകര്യങ്ങളുടെയും കൃത്യമായ സര്‍വ്വേ വിവരങ്ങള്‍ ലഭിക്കേണ്ടത് നാടിന്‍റെ ഭാവി വികസനത്തിന് അത്യാവശ്യമാണ്.  

18. വികസനം എല്ലാവരിലേക്കും
ഇപ്പോള്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എന്ന് പറയുന്നത് എല്ലാ ഗ്രാമങ്ങളിലും എത്താറില്ല. പ്രധാനപെട്ട ചില സ്ഥലങ്ങളെ മാത്രം കേന്ദ്രീകരിച്ചു ആയിരിക്കും വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതലും നടക്കുന്നത്. എന്നാല്‍ എല്ലാ ഗ്രാമങ്ങളെയും  കോര്‍ത്തിണക്കിയുള്ള സംവിധാനം വന്നു കഴിഞ്ഞാല്‍ അടിസ്ഥാന വികസനം പോലും എത്താതെ തഴയപ്പെട്ടു കിടക്കുന്ന സ്ഥലങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കിട്ടാനും അവിടെ വേണ്ടത്ര സൌകര്യങ്ങള്‍ എത്തിക്കാനും സാധിക്കും.   

19. വേഗതയാര്‍ന്ന വികസനം
മുകളില്‍ പറഞ്ഞിരിക്കുന്ന നേട്ടങ്ങള്‍ എല്ലാം കണക്കാക്കുമ്പോള്‍ പുതിയ സംവിധാനതിലൂടെ നമ്മുടെ നാടിന്‍റെ വികസനം തീര്‍ച്ചയായും വളരെ വേഗത്തിലാക്കാന്‍ സാധിക്കും. നെറ്റ്വര്‍ക്കില്‍ ഉള്ള എല്ലാ സഹായ കേന്ദ്രങ്ങള്‍ക്കും പരസ്പരം സഹകരിച്ചും സഹായിച്ചും ഒരുമിച്ചു വികസനം കൈവരിക്കാം. 

പദ്ധതി നടപ്പാക്കല്‍ :
ഇങ്ങനെ ഒരു സോഷ്യല്‍ നെറ്റ്വര്‍ക്ക് നിര്‍മ്മിക്കുന്നതിന്  വേണ്ടി ആദ്യം വേണ്ടത് അതിനുള്ള  സോഫ്റ്റ്വെയര്‍ ആണ്. പിന്നെ അത് ഹോസ്റ്റ് ചെയ്യാന്‍ ഒരു ലോക്കല്‍ സെര്‍വറും. പിന്നെ ഇതെല്ലം മാനേജ് ചെയ്യാന്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഒരു വിധഗ്ത സമിധിയും.

സോഫ്റ്റ്വെയര്‍ വികസനം
വിക്കിപീഡിയയെ കുറിച്ച് കേട്ടിട്ടില്ലാത്ത ഇന്‍റെര്‍നെറ്റ്ഉപഭോക്താക്കള്‍ഉണ്ടാവില്ലല്ലോ. ലോകത്തുടനീളം ഉള്ള ലക്ഷക്കണക്കിന് ജനങ്ങള്‍  അവരവര്‍ക്ക് അറിയാവുന്ന  ഇന്‍ഫര്‍മേഷന്‍ അപ്ഡേറ്റ് ചെയ്ത് എല്ലാവരുടേയും കൂട്ടായ പ്രയത്നം കൊണ്ട് നിര്മിച്ചെടുത്ത ലോകത്തിലെ ഏറ്റവും വല്യ ഓണ്‍ലൈന്‍ എന്സൈക്ലോപീഡിയ ആണ് വിക്കിപീഡിയ. ഒരു പ്രവര്‍ത്തന മാതൃക എന്ത് കൊണ്ട് നമ്മുടെ സോഫ്റ്റ്വെയര്‍ വികസനത്തിനും ഉപയോഗിച്ചുകൂടാ.

മലയാളികളായ ലക്ഷക്കണക്കിന് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍സ് ലോകത്തുടനീളം അവരുടെ വിദഗ്ധ സേവനം നടത്തുന്നുണ്ട്. കൂടാതെ പതിനായിരക്കണക്കിനു സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ ഓരോ വര്‍ഷവും പടിച്ചിറങ്ങുന്നുമുണ്ട്. ഇവരെല്ലാം  മുന്‍കൈ എടുത്തു ഒഴിവു സമയങ്ങളില്‍ കുറച്ചു സമയം കണ്ടെത്തിയാല്‍ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചു എടുക്കാവുന്നത്തെ ഉള്ളു.

സോഫ്റ്റ്വെയറില്‍ ഒരുപാടു മോഡ്യൂളുകള്‍ ഉണ്ടാവുമല്ലോ. അവരവര്‍ക്ക് താല്പര്യം തോന്നുന്ന ഏതെങ്കിലും ഒരു  മോഡ്യൂള് എടുത്തു ഒരു ടീം ആയിട്ടോ അല്ലെങ്കില്‍ ഒറ്റക്കോ വികസിപ്പിച്ചെടുക്കാവുന്നതാണ്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് അഭിപ്രായ വോട്ടിന്‍റെ പേജ് വികസിപ്പിക്കാന്‍ ആണ് താല്പര്യം എങ്കില്‍ അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാം.

പില്‍ക്കാലത്ത്എപ്പോഴെങ്കിലും പുതിയൊരു മൊഡ്യുള്‍ ആരെങ്കിലും വികസിപ്പിച് എടുക്കുകയാങ്കില്‍ അത് വളരെ എളുപ്പത്തില്‍ സോഫ്റ്റ്വെയറില്‍ ഉള്‍പെടുത്താന്‍ പറ്റുന്ന രീതിയില്‍ ആയിരിക്കണം സോഫ്റ്റ്വെയറിന്‍റെ  അടിസ്ഥാന ഡിസൈന്‍. ഒരൊറ്റ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് നമുക്ക് ജീമെയില്‍, ഗൂഗിള്‍ പ്ലസ്, ഗൂഗിള്‍ ഡ്രൈവ് ഇതെല്ലാം ഉപയോഗിക്കാന്‍ പറ്റുന്നത് പോലെ തന്നെ, പിന്നീടു ഒരു പുതിയ മൊഡ്യുള്‍ വന്നാലും നേരത്തെ ഉണ്ടായിരുന്ന അതെ ലോഗിന്‍ വെച്ച് തന്നെ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ ആയിരിക്കണം ഇതിന്‍റെ ഡിസൈന്‍.

സോഫ്റ്റ്വെയറിന്‍റെ വിവിധ മൊഡ്യുള്കള്‍ വിദ്യാര്ത്ഥികള്‍ക്കും  പ്രൊഫഷണല്‍സിനും  ഒക്കെ വികസിപ്പിച്ചെടുക്കാം, പക്ഷെ ഇതിന്‍റെ അടിസ്ഥാന ഡിസൈന്‍ വികസിപ്പിച്ച് എടുക്കേണ്ടത് വളരെ പ്രഗല്‍ഭരായ ഒരു ടീം തന്നെ ആയിരിക്കണം. വളരെ സങ്കീര്‍ണമായ സോഫ്റ്റ്വെയര്‍ ഡിസൈന്‍ പരിജ്ഞാനവും, വളരെ അധികം ടെക്നിക്കല്‍ നോളജും, പ്രൊജക്റ്റ് മാനേജ്മന്‍റെ സ്കില്ലും, അത്യാധുനികവും മിക്കച്ചതുമായ ഡിസൈന്‍ ടെക്നോളജികളെ കുറിച്ച് അറിവുള്ളവരായ ടീം ആയിരിക്കണം അവര്‍. അവര്‍ തന്നെ ആയിരിക്കും പ്രൊജക്റ്റ് പൂര്‍ത്തീകരിക്കുന്നത് വരെ നേതൃത്വവും മാര്‍ഗദര്‍ശനവും നല്‍കുന്നത്. അടിസ്ഥാന ഡിസൈന്‍ പിന്നീടു മാറ്റാന്‍ കഴിയുകയില്ല എന്നത് കൊണ്ട് തന്നെ അത് വളരെ ശ്രദ്ധാപൂര്‍വ്വം വികസിപ്പിച്ച് എടുക്കേണ്ട ഒന്നാണ്. ദിവസേന അപ്ലിക്കേഷന് ഉപയോഗിക്കുന്ന ആള്‍ക്കാരുടെ എണ്ണവും അതില്‍ കൈകാര്യം ചെയ്യുന്ന ഡാറ്റയുടെ അളവും വളരെ വളരെ വലുതാണ്. അത് കണക്കാക്കി വേണം അതിന്‍റെ രൂപകല്‍പന. 
 
മറ്റുള്ളവര്‍ വികസിപ്പിച്ചെടുക്കുന്ന മൊഡ്യുളുകള്‍ ഇതില്‍ ആഡ് ചെയ്യുകയോ റിമൂവ് ചെയ്യുകയോ ചെയ്യാം. മൊഡ്യുളുകള്‍ വികസിപ്പിക്കുമ്പോള്‍ പിന്തുടരേണ്ട മാനദന്ഡങ്ങള്‍ പ്രഗല്‍ ടീം തന്നെ ആയിരിക്കും നിര്‍ദേശിക്കുന്നത്.

വളരെ പ്രഗല്‍ഭരായി വല്യ വല്യ കമ്പനികളില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്ന നിങ്ങളെല്ലാം ജനങ്ങളുടെ ഇടയില്‍ അറിയപ്പെടാനും  അന്ഗീകരിക്കപ്പെടാനും പോകുന്നത്  ഒരുപക്ഷെ ഒരു പ്രോജെക്ടിലൂടെ ആവും. ഇതിനു വേണ്ടിയുള്ള പ്രയത്നം നിങ്ങളുടെ ജീവിതത്തിലെയും കരിയറിലെയും എന്നെന്നും ആദരവോടെ ഓര്‍ക്കപ്പെടുന്ന ഒരു പൊന്‍തൂവല്‍ തന്നെ ആയിരിക്കും.
സോഫ്റ്റ്വെയര്‍ വികസനത്തില്‍ പങ്കെടുക്കുന്നതിനും അതിനെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അറിയുന്നതിനും ലിങ്കിലേക്ക് സ്വാഗതം.
www.vikasanam.com (Website is not yet available. Somebody please come forward to take this initiative. The website should have option for people to join this project and work together. Main page will display who all have joined the project. There should be option to add comments by people to suggest the improvements required in the project. Another option is to upload a prototype Page. Designers can upload a prototype page . The prototype page design should be as simple as Google Main page, means it should be very easy for the user. Better to avoid so many pictures letters tables and all.)        

                                          
വിദഗ്ധ സമിതി
രാഷ്ട്രീയ ബന്ധങ്ങള്‍ ഒന്നും ഇല്ലാത്ത ജനക്ഷേമ കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരായ ജനസമ്മതരായ വ്യക്തികളെ ഉള്‍പെടുത്തി കൊണ്ട് ഒരു രക്ഷാധികാരി കമ്മിറ്റി ഇതിനുവേണ്ടി രൂപീകരിക്കേണ്ടതുണ്ട്. അവരുടെ നിയന്ത്രണത്തിലും മാര്‍ഗ്ഗനിര്‍ദേശത്തിലും ആയിരിക്കണം ഇത് നടപ്പിലാക്കാനും മുന്നോട്ടു കൊണ്ട് പോകാനും. രക്ഷാധികാരികളെ കണ്ടെത്തുന്നതിനുള്ള വോട്ടെടുപ്പ് മുകളില്‍ പറഞ്ഞിരിക്കുന്ന വെബ്സൈറ്റില്‍ ഉണ്ടായിരിക്കുന്നതാണ്. രക്ഷാധികാരി ആവാന്‍ യോഗ്യത ഉള്ളവരെ ജനങ്ങള്‍ക്ക് നിര്‍ദേശിക്കാം. അവരില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്ന എട്ടോ പത്തോ പേരോട് രക്ഷാധികാരി സ്ഥാനം സ്വീകരിക്കാന്‍ അപേക്ഷിക്കുന്നതാണ്. രക്ഷാധികാരി കമ്മിറ്റിയിലെ ഓരോരുത്തര്‍ക്കും ഓരോ വിഭാഗത്തിലെ നേതൃ സ്ഥാനം ഉണ്ടായിരിക്കും. സ്ഥാനങ്ങള്‍  ഒരു വര്‍ഷം  കൂടുമ്പോള്‍ പരസ്പരം കൈമാറികൊണ്ടിരിക്കും. ഏതെങ്കിലും ഒരു സ്ഥാനത്തിനു വേണ്ടിയുള്ള മത്സരമോ തര്‍ക്കമോ ഒഴിവാക്കാന്‍ വേണ്ടിയാണിത്. ഏതെങ്കിലും ഒരു രക്ഷാധികാരി ഇതില്‍ നിന്നും പിരിഞ്ഞു പോകാന്‍ ആഗ്രഹിക്കുന്ന പക്ഷം അടുത്ത രക്ഷാധികാരിയെ കണ്ടെത്തുന്നതിനു വേണ്ടി വീണ്ടും വോട്ടെടുപ്പ് നടത്തുന്നതാണ്.     

വരുമാനം
ലോകത്തുടനീളം ഉള്ള മലയാളികള്‍ ഉപയോഗിക്കുന്ന ഒരു സംവിധാനം ആവുമ്പോള്‍ അതില്‍ ധാരാളം പരസ്യ വരുമാനം കിട്ടാന്‍ സാധ്യത ഉണ്ട്. വന്‍കിട കമ്പനികളുടെയും പുതിയ റിലീസ് ആവുന്ന സിനിമയുടെയും എല്ലാം.    
അത് കൂടാതെ നാട്ടിലുടനീളം ഉള്ള ചെറുകിട സ്ഥാപനങ്ങള്‍ക്കും പരസ്യത്തിനു വേണ്ടി ഒരു പേജ് കൊടുത്തിട്ടുള്ളത് കൊണ്ട് അതുവഴിയും വരുമാനം ലഭിക്കുന്നതാണ്.
വിവിധ തരത്തിലുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും  മറ്റു സേവനങ്ങള്‍ക്കും ഈടാക്കുന്ന ചെറിയ ഫീസ് വഴിയും വരുമാനം ലഭിക്കുന്നതാണ്. കൂടാതെ ജനങ്ങള്‍ക്ക്വസ്തു / വാഹന വില്‍പനയുടെയോ അല്ലെങ്കില്‍വിവാഹ അന്വേഷണത്തിന്‍റെയോ പരസ്യം നല്കാം.   
ഇതിന്‍റെ നടത്തിപ്പിനായി ജനങ്ങള്‍ക്ക് ഡൊണേഷന്‍ നല്‍കാന്ഉള്ള സൌകര്യവും ഉണ്ടായിരിക്കും. ക്രെഡിറ്റ്കാര്‍ഡ് ഉള്‍പടെ വിവിധ തരം പേയ്മെന്റുകള്‍ക്കുള്ള ഓപ്ഷന്‍ഉണ്ടായിരിക്കും.
വരുമാനം കുറവുള്ള സേവന കേന്ദ്രങ്ങള്‍ക്ക് മറ്റു സഹായ കേന്ദ്രങ്ങളില്‍ നിന്ന് സഹായം ലഭിക്കും. അധിക വരുമാനമുള്ള കേന്ദ്രങ്ങള്‍ പ്രവര്‍ത്തന ചിലവു കഴിഞ്ഞു ബാക്കി വരുന്ന തുക നാടിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപെടുത്താവുന്നതാണ്


പ്രായോഗികത
ഒരുപക്ഷെ നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവാം ഇതൊന്നും ഇവിടെ നടക്കാന്‍ പോകുന്നില്ല അല്ലെങ്കില്‍ ഇതൊന്നും ഇവിടെ പ്രായോഗികമല്ല എന്നൊക്കെ. തീര്‍ച്ചയായും നിങ്ങള്‍ക്ക് താഴെ കമന്റ്‌ ചെയ്യാം, എന്തുകൊണ്ട് ഇത് നടപ്പാക്കാന്‍ ആവില്ല അല്ലെങ്കില്‍ എന്തൊക്കെയാണ് ഇതിന്‍റെ പോരായ്മകള്‍ എന്നൊക്കെ. പോരായ്മകള്‍ക്ക്‌ ഒരു പരിഹാരം ഉണ്ടെങ്കില്‍ അതും നിര്‍ദേശിക്കാം. അങ്ങനെയുള്ള ചര്‍ച്ചകള്‍ ഒരുപക്ഷെ ഇതിനെക്കാള്‍ മെച്ചപ്പെട്ട അല്ലെങ്കില്‍ ഇതിനേക്കാള്‍ പ്രായോഗികമായ ഒരു സംവിധാനം രൂപപ്പെടുത്തുന്നതിന് സഹായിച്ചേക്കാം. അത് എന്ത് തന്നെ ആയിരുന്നാലും, ജനങ്ങള്‍ ഒറ്റ കെട്ടായി നിന്നാല്‍ ഇവിടെ ഒരു മാറ്റം കൊണ്ട് വരാനാവും എന്ന കാര്യത്തിലേക്ക് ആണ് ഇത് വിരല്‍ ചൂണ്ടുന്നത്.    


അവസാനമായി ഒരു വാക്ക് കൂടി ..
പ്രൊജക്റ്റ് ഗവണ്‍മെന്റോ അല്ലെങ്കില്‍ മറ്റാരേങ്കിലുമോ നമുക്ക് വേണ്ടി ചെയ്തു തരും എന്ന് പ്രതീക്ഷിക്കുകയെ വേണ്ട. ഇവിടെ ഞാനും ഇത് വായിക്കുന്ന നിങ്ങളും മാത്രമെ ഉള്ളു. തയ്യാറാകാമൊ സുഹൃത്തേ, ഇതിനുവേണ്ടി കുറച്ചു നേരം പ്രവര്‍ത്തിക്കാന്‍? ജോലിത്തിരക്കും മറ്റു കുടുംബ കാര്യങ്ങളും ഒക്കെ കഴിഞ്ഞു ബാക്കി വരുന്ന കുറച്ചു സമയം. ഇല്ലായെന്ന് തീര്‍ത്തും തോന്നുകയാണെങ്കില്‍ സാരമില്ല, സന്ദേശം മറ്റുള്ളവരില്‍ എത്തിച്ചാലും മതിയാവും. ഇതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആരുടെയെങ്കിലും അടുത്ത് സന്ദേശം നിങ്ങള്‍ കാരണം എത്തുകയാണെങ്കില്‍ അത് തന്നെ ഒരു വല്യ കാര്യമാണ്. കേരളത്തില്‍ ഇത് വിജയകരം ആവുകയാണെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലും അതെ മാതൃകയില്‍ ഇത് നടപ്പാക്കാനാവും. നമുക്ക് ഒരുമിച്ച് കെട്ടി പടുക്കാം നമ്മുടെ ഇന്ത്യയെ. ജയ് ഹിന്ദ്

Summary
Kerala - one of the south Indian states, is nick named as 'God's own Country' because of it's eco tourism attractions. Despite many positive factors like high literacy rate (97.5% in 2013) and Human Development Index (0.79 in 2011), there are many social economical issues which need to be addressed to make it really a God's own Country for it's native people.This article is proposing a new idea to make it a better place.

The idea is to start up a small computer based help center in each and every village and town. All these help centers will be in a network. Through this network People can

  • Raise their issues and bring it to the attention of the leaders 
  • Request for arranging basic amenities and developments required in their village
  • Participate in strike through a single click of a button rather than creating trouble in the street.
  • Voting in favor and against government, once in a year. This will help the government to get feedback from people and improve themselves.
  • Poor and suffering people can request for help from others.
  • People can setup home based production units and they can market and sell their products through this network.
  • Any security threats can be immediately reported to the help center and an alert will be immediately send to all the neighboring help centers in the network. 
  • Report corruption and other antisocial activities and bring it to the attention of authorities.
  • Travelers can make a call to the toll free number in this network. The call will be immediately connected to the nearby Help Center and they can ask for any help or information.
  • Many other services like Ticket booking, arranging plumber/electrician, bill payments and whatever service required for the people, to make everything available in their own village.
  • And many more

Advertisements, small service charges and donation will contribute for the income for this help centers.

Taking inspiration from the model of data development of Wikipedia, Software for this project can be developed by people all over the world. There will be a platform for everybody to come together and work for this project. The software will be multi-language enabled, so that once it is successfully implemented in kerala, the same can be implemented in any other place. Please come forward and participate. Together we can make the change!

One final Note :  Hi, I'm just an individual. Need more active people to take it forward. There is no Leader for this project. Just need some Team Work from few good people. There is no hope for any benefits or leadership in this project. It's just for a good cause. Thanks and Cheers!


Other Related Topics :
ജനകീയ പോലീസ് : http://www.nammudepolice.blogspot.com/
കൃഷി ഗ്രാമം : http://www.krishigramam.blogspot.sg/